07:08pm 30 September 2026
NEWS
ടാറിങ് കഴിഞ്ഞ് അഞ്ചാം ദിവസം എംസി റോഡ് തകർന്നു; കൈകൊണ്ട് ഇളക്കിയാൽ പോലും ടാർ ഇളകിപ്പോരുന്നു
30/09/2026  07:34 AM IST
nila
ടാറിങ് കഴിഞ്ഞ് അഞ്ചാം ദിവസം എംസി റോഡ് തകർന്നു; കൈകൊണ്ട് ഇളക്കിയാൽ പോലും ടാർ ഇളകിപ്പോരുന്നു

കൂത്താട്ടുകുളം: അറ്റകുറ്റപ്പണി നടത്തി ദിവസങ്ങൾക്കകം എംസി റോഡ് തകർന്നത് ആശങ്കയാകുന്നു. കൂത്താട്ടുകുളം കാലിക്കട്ട് കവലയ്ക്കു സമീപം ടാറിങ് നടത്തി അഞ്ചു ദിവസം പിന്നിടുമ്പോഴേക്കാണ് റോഡിന്റെ പ്രതലം തെന്നിനീങ്ങി ഇളകിയ നിലയിൽ കണ്ടെത്തിയത്.

ടാറിങ് ഉറയ്ക്കാത്ത നിലയിലാണ് ഇവിടെ റോഡിന്റെ അവസ്ഥ. കൈകൊണ്ട് പോലും ടാർ പൊളിച്ചെടുക്കാൻ കഴിയുന്ന തരത്തിലാണ് പ്രതലം. സമീപത്തെ മറ്റു ചില ഭാഗങ്ങളിലും റോഡിലെ മെറ്റൽ ഇളകിപ്പോകുന്ന സ്ഥിതിയുണ്ട്.

വിവരമറിഞ്ഞ് പിഡബ്ല്യുഡി റോഡ് പരിപാലന വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മഴ പെയ്ത് റോഡ് നനഞ്ഞുകിടന്ന സമയത്ത് അറ്റകുറ്റപ്പണി നടത്തിയതാകാം ടാറിങ് തകരാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. ഇതിനു പുറമേ, റോഡിന്റെ ഈ ഭാഗത്തുവച്ചാണ് തകരാറിലായ റോഡ് റോളർ ലോറിയിൽ കയറ്റിയത്. റോളർ കയറ്റിയതും ടാറിങ് ഇളകാൻ കാരണമായിട്ടുണ്ടാകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നിലവിൽ എംസി റോഡിൽ പ്രധാനമായും കുഴിയടയ്ക്കൽ ജോലികളാണ് നടക്കുന്നത്. കൂടുതൽ തകർന്ന ഭാഗങ്ങളിൽ മാത്രമാണ് പൂർണമായി ടാറിങ് നടത്തുന്നത്. എന്നാൽ ഇത്തരത്തിൽ പൂർണമായി ടാറിങ് നടത്തിയ ഭാഗത്താണ് ഇപ്പോൾ വീണ്ടും തകരാർ ഉണ്ടായിരിക്കുന്നത്.

അതേസമയം, എംസി റോഡിലെ കുഴിയടയ്ക്കൽ ജോലിയിലും അപാകതയുണ്ടെന്ന പരാതിയുണ്ട്. റോഡിന്റെ നിലവിലുള്ള നിരപ്പിനനുസരിച്ചല്ല പല സ്ഥലങ്ങളിലും കുഴിയടയ്ക്കുന്നത്. പ്രധാന ടാറിങ് പ്രതലത്തേക്കാൾ ഉയർന്ന നിലയിൽ കുഴിയടച്ച ഭാഗങ്ങൾ നിൽക്കുന്നത് വാഹനയാത്രയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു.

നേരത്തേ ഏഴുകോടി രൂപ ചെലവിൽ എംസി റോഡിന്റെ അറ്റകുറ്റപ്പണിക്ക് കരാർ നൽകിയിരുന്നു. എന്നാൽ കാലാവധി പൂർത്തിയാകുന്നതിനു മുൻപ് കരാറെടുത്ത കമ്പനി ജോലി ഉപേക്ഷിച്ച് പിന്മാറുകയായിരുന്നു. ഈ കരാർ തുകയിലെ ഫണ്ട് ഉപയോഗിക്കാതെയാണ് ഇപ്പോൾ മറ്റൊരു ഫണ്ട് കണ്ടെത്തി എംസി റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്നതെന്നാണ് വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img